ചെന്നൈ : കനത്തെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചു.
കേരളത്തോട് ചേർന്നുകിടക്കുന്ന തേനി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലാണ് ചൊവ്വാഴ്ച വരെ ജാഗ്രതാ നിർദേശം നൽകിയത്.
ഇത് കൂടാതെ വിരുദുനഗർ, കോയമ്പത്തൂർ, തിരപ്പുർ, നീലഗിരി, ദിണ്ടിക്കൽ ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
മധുര, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി, പുതുക്കോട്ട ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ചെന്നൈ അടക്കം തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയെ തുടർന്ന് സംസ്ഥാനത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടായി.
ഞായറാഴ്ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് വെല്ലൂരിലാണ്. ഇവിടെ 37.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ചെന്നൈയിൽ എന്നൂരിൽ 35.1 ഡിഗ്രിയും മീനമ്പാക്കത്ത് 35.7 ഡിഗ്രിയും നുങ്കമ്പാക്കത്ത് 34.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.