ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മുതൽവർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിരസിച്ച സ്വകാര്യ ആശുപത്രിക്കെതിരേ നടപടിയുമായി ഉപഭോക്തൃകോടതി.
ശസ്ത്രക്രിയക്കു ചെലവായ 3.64 ലക്ഷം രൂപയും രോഗിക്ക് മനോവിഷമമുണ്ടാക്കിയതിന് നഷ്ടപരിഹാരമായി 50,000 രൂപയും നൽകാൻ തിരുവള്ളൂർ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തിരുവൊട്ടിയൂർ കാലടിപ്പേട്ട സ്വദേശി മോഹനാണ് പരാതിനൽകിയത്.
മുഖ്യമന്ത്രിയുടെ ആരോഗ്യപരിരക്ഷ പദ്ധതി ഉപയോഗപ്പെടുത്താമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് 2018-ൽ താൻ ബിൽറോത്ത് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് ഇൻഷുറൻസ് നൽകാതെ 3.64 ലക്ഷം രൂപ ഈടാക്കിയെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മോഹൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.
ശസ്ത്രക്രിയക്കുമുമ്പ് രോഗിയുടെ ഇൻഷുറൻസ് യോഗ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ ആശുപത്രിയധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നെന്നും ആശുപത്രിയുടെ സേവനത്തിലെ പോരായ്മകളാണ് ഇതുവ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
നഷ്ടപരിഹാരത്തുകയ്ക്കുപുറമേ കോടതിച്ചെലവുകൾക്കായി 5000 രൂപ ഉടൻ നൽകണമെന്നും നിർദേശിച്ചു.