Read Time:1 Minute, 19 Second
ചെന്നൈ : പരാതികളുമായി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരണക്കാർക്ക് നിയമസഹായം നൽകാൻ പദ്ധതിയുമായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം.
സംസ്ഥാനത്തെ ഒാരോ പോലീസ് സ്‌റ്റേഷനും കേന്ദ്രീകരിച്ച് സഹായം നൽകാൻ രണ്ടുപേരടങ്ങുന്ന അഭിഭാഷകസംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
പോലീസ് സ്‌റ്റേഷനിൽ സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതിനാണ് പദ്ധതിയെന്ന് തമിഴക വെട്രി കഴകം നേതാക്കൾ അറിയിച്ചു. ഉടൻതന്നെ ഇത് നടപ്പാക്കുമെന്നും ഇവർ അറിയിച്ചു.
രാഷ്ട്രീയപ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് കീഴിൽ അഭിഭാഷകരുടെ സംഘടന ആരംഭിച്ചിരുന്നു.
ഈ സംഘടന മുഖേന നിർധനർക്ക് സൗജന്യമായി നിയമസഹായം നൽകുന്നുണ്ട്. ഇതിനൊപ്പമാണ് ഇപ്പോൾ പോലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനൊരുങ്ങുന്നത്.