ചെന്നൈ : സാമൂഹികമാധ്യമമായ എക്സിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സെല്ലൂർ രാജു. റസ്റ്ററന്റിൽ ജനങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുന്ന രാഹുലിന്റെ വീഡിയോ എക്സിൽ പങ്കുവെച്ച രാജു, തനിക്ക് ഏറ്റവുംപ്രിയപ്പെട്ട യുവനേതാവാണെന്നും കുറിച്ചു.
പാർട്ടിയിൽനിന്നുതന്നെ ഇതിനെതിരേ എതിർപ്പുയർന്നതോടെ രാഹുലിന്റെ ലാളിത്യത്തെയാണ് താൻ പുകഴ്ത്തിയതെന്ന് രാജു വിശദീകരിച്ചു.
ഡി.എം.കെ.യുടെ സഖ്യകക്ഷിയായ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചാണ് അണ്ണാ ഡി.എം.കെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണംനടത്തിയത്.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ പാർട്ടിയിലെ പ്രധാനനേതാക്കളിൽ ഒരാളായ രാജു രാഹുലിനെ പ്രകീർത്തിക്കുകയായിരുന്നു. തമിഴ്നാട്ടിൽ പല പാർട്ടികളുടെയും വാർഡ് സെക്രട്ടറിമാർപോലും പൊതുജനങ്ങളുടെ മധ്യത്തിൽ ഗർവ്കാട്ടുമ്പോൾ എത്ര വിനയത്തോടെയും സൗഹൃദത്തോടെയുമാണ് രാഹുൽ ജനങ്ങളുമായി ഇടപെടുന്നതെന്നും ഇത് മറ്റ് രാഷ്ട്രീയനേതാക്കൾക്ക് മാതൃകയാണെന്നും രാജു പിന്നീട് വിശദീകരിച്ചു.
രാജുവിനെതിരേ നടപടിവേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വം മൗനത്തിലാണ്. ബി.ജെ.പി.യുമായി സഖ്യം അവസാനിപ്പിച്ച അണ്ണാ ഡി.എം.കെ.ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാൻ താത്പര്യമുണ്ടായിരുന്നു.
എന്നാൽ സംസ്ഥാനത്ത് ഡി.എം.കെ.യും കോൺഗ്രസും നല്ലബന്ധത്തിലായതിനാൽ സഖ്യമുണ്ടാക്കാൻകഴിഞ്ഞില്ല.
പക്ഷേ, വരുംതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്ന സന്ദേശംനൽകുന്നതാണ് രാജുവിന്റെ പ്രസ്താവനയെന്നാണ് സൂചന