ചെന്നൈ : നാമക്കലിൽ ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നു. ഒരുമാസംകൊണ്ട് 23 രൂപയാണ് ഉയർന്നത്.
കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്ത് കനത്തചൂട് അനുഭവപ്പെട്ടതിനാൽ 10 ശതമാനത്തിലധികം കോഴികൾ ചത്തിരുന്നു. ഉത്പാദനവും കുറഞ്ഞു. ഇതാണ് ഇപ്പോൾ ഇറച്ചിക്കോഴിവില കുത്തനെ ഉയരാൻ കാരണം.
മീൻ പിടിക്കുന്നതിനു വിലക്കുള്ളതിനാൽ കോഴിയിറച്ചി വാങ്ങുന്നവരുടെ എണ്ണം കൂടിയതും വില ഉയരാൻ കാരണമായി.
തമിഴ്‌നാട്ടിൽ തിരുപ്പൂർ, കോയമ്പത്തൂർ, നാമക്കൽ ഉൾപ്പെടെയുള്ള ജില്ലകളിൽ ഏകദേശം 25,000-ത്തിലധികം കോഴിഫാമുകൾ ഉണ്ട്.
ഇവിടെ ദിനംപ്രതി 15 ലക്ഷം ഇറച്ചിക്കോഴികളെ ഉത്പാദിപ്പിക്കുന്നു. ഇവ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേക്കും ആന്ധ്രപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.
പല്ലടത്തെ ഇറച്ചിക്കോഴി ഉടമകളുടെ സംഘടനയാണ് ദിനംപ്രതി ഇറച്ചിക്കോഴി സംഭരണവില നിശ്ചയിക്കുന്നത്. മഴ ആരംഭിച്ചതിനാൽ വില കുറയാൻ സാധ്യതയുണ്ടെന്ന് ഫാം ഉടമകൾ പറഞ്ഞു.