ചെന്നൈ : കൊച്ചുവേളിയിലേക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന ബൈ വീക്കിലി പ്രത്യേക തീവണ്ടി(06035)യുടെ പ്ലാറ്റ്‌ഫോം അടിക്കടി മാറ്റി പ്രഖ്യാപിച്ചത് യാത്രക്കാരെ വലച്ചു.
വ്യാഴാഴ്ച രാത്രി 9.40-ന് പുറപ്പെടേണ്ട തീവണ്ടി ഏത് പ്ലാറ്റ്‌ഫോമിൽനിന്ന് പുറപ്പെടുമെന്ന് 9.25 വരെ അറിയിച്ചിരുന്നില്ല. ആഴ്ചയിൽ വ്യാഴാഴ്ചയും ശനിയാഴ്ചയും സർവീസ് നടത്തുന്ന പ്രത്യേക തീവണ്ടി ആറാം പ്ലാറ്റ് ഫോമിൽനിന്നാണ് കഴിഞ്ഞയാഴ്ച പുറപ്പെട്ടിരുന്നത്.
അതിനാൽ ആറാം പ്ലാറ്റ് ഫോമിലാണ് യാത്രക്കാർ കാത്തിരുന്നതും. എന്നാൽ 9.30-ന് താംബരം-കൊച്ചുവേളി പ്രത്യേക തീവണ്ടി എട്ടാം പ്ലാറ്റ് ഫോമിൽനിന്ന് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് വന്നു.
അഞ്ച് മിനിറ്റിന് ശേഷം ഏഴാം പ്ലാറ്റ്ഫോമിൽനിന്ന് പുറപ്പെടുമെന്ന് അറിയിച്ചു. അടിക്കടി പ്ലാറ്റ്ഫോം മാറ്റിയതിലൂടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്ുകണക്കിന് യാത്രക്കാർ ഏറെ കഷ്ടപ്പെട്ടു.
റെയിൽവേ ട്രാക്കുകൾ മുറിച്ചു കടന്നാണ് യാത്രക്കാർ ഒരു പ്ലാറ്റ്‌ഫോമിൽനിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോയത്.
യാത്രക്കാരെ വലച്ച താംബരം റെയിൽവേ സ്‌റ്റേഷനിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരേ നടപടി എടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ചെങ്കോട്ട വഴി സർവീസ് നടത്തുന്ന താംബരം-കൊച്ചുവേളി എ.സി. പ്രത്യേക തീവണ്ടി (06035) ജൂൺ 29-വരെ സർവീസ് നടത്തും.
വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്ന് താംബരത്തേക്കുള്ള തീവണ്ടി ജൂൺ 30 സർവീസ് നടത്തും. 14 എ.സി. ഇക്കോണമി കോച്ചുകളാണ് തീവണ്ടിയ്ക്കുള്ളത്.