ചെന്നൈ : റിസർവേഷൻ കോച്ചുകളിൽ ടി.ടി.ഇ.മാരുടെ സാന്നിധ്യമുറപ്പാക്കണമെന്ന് റെയിൽവേ മന്ത്രാലയം വിവിധ സോണുകൾക്ക് നിർദേശം നൽകി. ടിക്കറ്റ് പരിശോധന സ്ക്വാഡുകളിലെ ടി.ടി.ഇ.മാരുടെ എണ്ണം കുറച്ച് അവരെ കോച്ചുകളിൽ നിയോഗിക്കണമെന്നും സ്റ്റേഷനുകളിലെ ടിക്കറ്റ് പരിശോധന റിസർവേഷൻ ക്ലാർക്കുമാരെ ഏൽപ്പിക്കണമെന്നും നിർദേശമുണ്ട്.
ടിക്കറ്റ് പരിശോധനയ്ക്കുപരി, തീവണ്ടികളിൽ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലെന്നും ഉറപ്പാക്കേണ്ടത് ടി.ടി.ഇ.മാരുടെ ചുമതലയാണെന്ന് റെയിൽവേ പ്രിൻസിപ്പൽ എക്സിക്യുട്ടീവ് ഡയറക്ടറുടെ കത്തിൽ പറയുന്നു.
എന്നാൽ, ഈ ചുമതല നിറവേറ്റപ്പെടുന്നില്ലെന്ന് പലപ്പോഴും പരാതിവരുന്നുണ്ട്. ഇതുപരിഹരിക്കാനാണ് കൂടുതൽ ടി.ടി.ഇ.മാരെ നിയോഗിക്കുന്നത്.
ടിക്കറ്റ് പരിശോധനാസ്ക്വാഡുകളിൽ നിയോഗിക്കപ്പെടുന്ന ടി.ടി.ഇ.മാരുടെ എണ്ണം സബർബൻ സർവീസുള്ള മേഖലകളിൽ 15 ശതമാനത്തിലും മറ്റുമേഖലകളിൽ ഏഴുശതമാനത്തിലും കൂടേണ്ടതില്ലെന്ന് കത്തിൽ പറയുന്നു.
ബാക്കിയുള്ള ടി.ടി.ഇ.മാരെ വണ്ടികളിൽ നിയോഗിക്കണം. റിസർവേഷൻ ക്ലാർക്കുമാരുടെ ലഭ്യത കണക്കുകൂട്ടി സ്റ്റേഷനുകളിലെ ടിക്കറ്റ് പരിശോധനാച്ചുമതല അവരെ ഏൽപ്പിക്കണം.
സ്റ്റേഷനുകളിൽ ഈ ചുമതല വഹിച്ചിരുന്ന ടി.ടി.ഇ.മാരെ തീവണ്ടികളിലേക്കു മാറ്റണം. ക്ലാർക്കുമാർക്ക് ടിക്കറ്റ് പരിശോധനാപരിശീലനം നൽകണം.
തീവണ്ടികളിൽ ടി.ടി.ഇ.മാരെ നിയോഗിക്കുന്നത് ടിക്കറ്റ് പരിശോധിച്ച് വരുമാനച്ചോർച്ച തടയാൻ മാത്രമല്ലെന്ന് കത്തിൽ പറയുന്നു.
പൊതുജനത്തിന് ഇന്ത്യൻ റെയിൽവേയെപ്പറ്റിയുള്ള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ടി.ടി.ഇ.മാർക്ക് വലിയ പങ്കുണ്ട്. അത് നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നിർദേശം.