ചെന്നൈ : തമിഴ്നാട്ടിൽ അനധികൃതമായി മുലപ്പാൽ വിൽപ്പന നടത്തിയ മരുന്നുകടയ്ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ മുദ്രവെച്ചു. മാധാവരം കെ.കെ.ആർ. ഗാർഡന് സമീപം സെബിയം മുത്തയ്യ നടത്തിയ മരുന്നുകടയിൽനിന്നാണ് 200-ലേറെ കുപ്പി മുലപ്പാൽ പിടിച്ചെടുത്തത്.
സംസ്കരിച്ച മുലപ്പാൽ ഓൺലൈൻവഴിയാണ് വിൽപ്പന നടത്തിയിരുന്നത്. 50 മില്ലീലിറ്റർ മുലപ്പാലിന് 500 രൂപയാണ് ഈടാക്കിയത്. ഏപ്രിലിലാണ് വിൽപ്പന ആരംഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയായി അധികൃതർ പറഞ്ഞു.
തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് വിൽപ്പന നടത്തിയിരുന്നത്. മുലപ്പാൽ എവിടെനിന്നാണ് സംസ്കരിച്ചതെന്നും സംസ്കരിക്കാനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോയെന്നും പരിശോധിക്കും. കട നടത്തിയയാളെ തിരയുന്നുണ്ട്.
തമിഴ്‌നാട്ടിലെ 35 മെഡിക്കൽ കോളേജുകളിലും മുലപ്പാൽ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ലൈസൻസോടെ പ്രവർത്തിക്കുന്ന മുലപ്പാൽബാങ്കുകളുടെ പാൽ സംസ്കരിക്കുന്നത് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. രാജ്യത്തുതന്നെ സർക്കാർ ഉടമസ്ഥതയിൽ ഏറ്റവുംകൂടുതൽ മുലപ്പാൽബാങ്കുകൾ പ്രവർത്തിക്കുന്നത് തമിഴ്‌നാട്ടിലാണ്.