ചെന്നൈ : മകളും ഗായികയുമായ ഭാവതാരിണി മരിച്ചതിനാൽ പിറന്നാൾ ആഘോഷമില്ലെന്നു അറിയിച്ചിരുന്നെങ്കിലും സംഗീതസംവിധായകൻ ഇളയരാജയുടെ 81-ാം ജൻമദിനം ആഘോഷമാക്കി ആരാധകർ.
താരങ്ങളും സംഗീതരംഗത്തെ സഹപ്രവർത്തകരും രാഷ്ട്രീയനേതാക്കളും ലോകമെമ്പാടുമുള്ള സംഗീത ആരാധകരും ഇളയരാജയ്ക്ക് ആശംസ നേർന്നു. കമൽഹാസൻ, മണിരത്നം, ധനുഷ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ചു.
താൻ നായകനായെത്തുന്ന ഇളയരാജയുടെ ജീവചരിത്രസിനിമയുടെ പോസ്റ്ററും ധനുഷ് എക്സിലൂടെ പങ്കുവെച്ചു.
ഞായറാഴ്ച കോടമ്പാക്കത്തുള്ള ഇളയരാജയുടെ സ്റ്റുഡിയോയ്ക്കുമുന്നിൽ ആശംസകളറിയിക്കാൻ ഒട്ടേറെപ്പേർ തടിച്ചുകൂടിയെങ്കിലും ആഘോഷങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിന്നു.
മകളുടെ വിയോഗത്തിൽനിന്ന് കരകയറാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ ഈ പിറന്നാൾ തനിക്ക് സന്തോഷം നൽകുന്നില്ലെന്നും ഇളയരാജ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
അർബുദബാധയെത്തുടർന്ന് ജനുവരി 25-നാണ് 47-കാരിയായ ഭാവതാരിണി ശ്രീലങ്കയിൽ മരിച്ചത്. 1976-ൽ അന്നക്കിളി എന്ന ചിത്രത്തിന് സംഗീതം നൽകിയാണ് ഇളയരാജ തമിഴ് സിനിമയിൽ അരങ്ങേറ്റം
കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ആയിരത്തോളം സിനിമകൾക്ക് സംഗീതം നൽകി. ദേശീയ ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ ലഭിച്ചിട്ടുണ്ട്. രാഷ്ട്രം പദ്‌മഭൂഷൺ നൽകി ആദരിച്ചു.