ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തമിഴ്‌നാട്ടിൽ 43 കേന്ദ്രങ്ങളിലായി നടക്കും. കേന്ദ്രസേന, സായുധസേന എന്നിവയ്ക്കുപുറമെ ഒരുലക്ഷത്തോളം സംസ്ഥാന പോലീസും സുരക്ഷയ്ക്കായി രംഗത്തുണ്ട്.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലേക്കും ഏപ്രിൽ 19-ന് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പുനടന്നത്.
സംസ്ഥാനത്തുടനീളം വോട്ടെണ്ണൽജോലികൾക്കായി നാൽപ്പതിനായിരത്തോളം ജീവനക്കാരെയാണ് ഉൾപ്പെടുത്തുക. ചൊവ്വാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30 മുതൽ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
പ്രക്രിയകൾ നിരീക്ഷിക്കാൻ ഓരോ കൗണ്ടിങ് ടേബിളിലും ഒരു നിരീക്ഷണക്യാമറവീതം സ്ഥാപിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേക്കും നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക.
സൗത്ത് ചെന്നൈ മണ്ഡലത്തിലെ വോട്ടെണ്ണൽ ഗിണ്ടിയിലെ അണ്ണാ സർവകലാശാലയിലും സെൻട്രൽ ചെന്നൈയിലേത് നുങ്കമ്പാക്കം ലയോള കോളേജിലും നോർത്ത് ചെന്നൈ മണ്ഡലത്തിലെ വോട്ടെണ്ണൽ മൈലാപ്പുർ ക്യൂൻ മേരീസ് കോളേജിലും നടക്കും.
ഈ മൂന്നിടങ്ങിളിൽമാത്രം 3000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. സ്ഥാനാർഥിക്കും പ്രതിനിധിക്കും വോട്ടിങ് യന്ത്രം സൂക്ഷിച്ച മുറി നിരീക്ഷിക്കാൻ അനുവാദമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ പാർട്ടി ഏജന്റുമാരെ മാത്രമേ പോളിങ് കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കൂ.
പുതുച്ചേരി മേഖലയിൽ പുതുച്ചേരി, മാഹി, യാനം, കാരയ്ക്കൽ എന്നിവിടങ്ങളിലേതായി അഞ്ചുകേന്ദ്രങ്ങളിലാണ് കൗണ്ടിങ്. ഒരു പൊതുനിരീക്ഷകനെയും 12 സഹായികളെയും നിയമിച്ചിട്ടുണ്ട്.
പുതുച്ചേരി വനിതാ എൻജിനിയറിങ് കോളേജ്, മോത്തിലാൽ നെഹ്റു പോളിടെക്നിക്, കാരയ്ക്കലിൽ അണ്ണാ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മാഹിയിൽ ജവാഹർലാൽ നെഹ്‍റു സർക്കാർ ഹയർസെക്കൻഡറി സ്കൂൾ, യാനത്ത് സർവേപ്പള്ളി രാധാകൃഷ്ണൻ ആർട്സ് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ.