തമിഴകത്ത് ഇന്ത്യസഖ്യത്തിന്റെ പടയോട്ടം; ഭിന്നതകൾ മറന്നു ഒന്നിച്ചാൽ വൻവിജയം നേടാമെന്ന് തെളിയിച്ച് സ്റ്റാലിൻ

0 0
Read Time:3 Minute, 46 Second

ചെന്നൈ : കേന്ദ്രത്തിൽ ബി.ജെ.പി.യെ പ്രതിരോധിക്കാൻ തമിഴ്‌നാട് മാതൃകയിൽ ദേശീയതലത്തിൽ സഖ്യം വേണമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ യോഗങ്ങളിൽ ഡി.എം.കെ. അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നത്.

ഭിന്നതകൾ മറന്നു ഒന്നിച്ചാൽ വൻവിജയം നേടാമെന്ന് സ്റ്റാലിൻ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ ഒരു സീറ്റ് കൂടി തിരിച്ചുപിടിച്ചതോടെ സമ്പൂർണ വിജയമാണ് ഇന്ത്യസഖ്യം സംസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്.

ഇരുപതുവർഷത്തിനുശേഷം വീണ്ടും ഡി.എം.കെ.-കോൺഗ്രസ് സഖ്യം സംസ്ഥാനത്തെ 39 സീറ്റുകളും നേടിയിരിക്കുകയാണ്.

മുമ്പ് 2004-ൽ ഡി.എം.കെ.യും കോൺഗ്രസും നേതൃത്വം നൽകിയ സഖ്യം മുഴുവൻ സീറ്റുകളും നേടിയിരുന്നു. അന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചപ്പോൾ ഡി.എം.കെ.യ്ക്ക് പ്രധാന വകുപ്പുകളോടെ മന്ത്രിസഭയിൽ ഇടം ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തേനിയിലാണ് സഖ്യം പരാജയപ്പെട്ടത്. അന്ന് കോൺഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവൻ അണ്ണാ ഡി.എം.കെ.യുടെ ഒ.പി. രവീന്ദ്രനാഥിനോട് പരാജയപ്പെടുകയായിരുന്നു.

ഇത്തവണ ശക്തമായ ത്രികോണമത്സരം നടന്നപ്പോൾ അമ്മമക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനെ പരാജയപ്പെടുത്തിയാണ് ഡി.എം.കെ.യുടെ തങ്കത്തമിഴ് സെൽവൻ തേനിയിൽ വിജയിച്ചത്. പ്രതിപക്ഷം ചിതറിനിന്നപ്പോൾ ഒമ്പത് പാർട്ടികൾ അടങ്ങുന്ന സഖ്യത്തെ ഒരുമിപ്പിച്ചുനിർത്തുന്നതിൽ ഡി.എം.കെ. വിജയിച്ചു.

സീറ്റുവിഭജനത്തിലടക്കം വിട്ടുവീഴ്ച ചെയ്യാൻ സ്റ്റാലിൻ തയ്യാറായി. സഖ്യകക്ഷികളുടെ സീറ്റുകൾ കുറയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിട്ടും സ്റ്റാലിൻ തയ്യാറായില്ല.

21 സീറ്റുകളിലാണ് ഡി.എം.കെ. നേരിട്ട് മത്സരിച്ചത്. ഇതുകൂടാതെ കൊങ്ങുനാട് മക്കൾ ദേശീയകക്ഷി ഡി.എം.കെ. ചിഹ്നത്തിൽ മത്സരിച്ചു.

കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് സീറ്റ് നൽകാൻ കഴിയാതെ വന്നപ്പോൾ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു ഒപ്പം നിർത്തി. ഇതേസമയം കഴിഞ്ഞതവണ ഒന്നിച്ചുനിന്ന് അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും ഇത്തവണ പരസ്പരം മത്സരിച്ചു.

അന്ന് സഖ്യത്തിലുണ്ടായിരുന്ന മറ്റു കക്ഷികളും രണ്ടിടങ്ങളിലായി നിലയുറപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷവോട്ടുകൾ ചിതറുകയും ഇന്ത്യസഖ്യം വിജയം തൂത്തുവാരുകയുമായിരുന്നു.

കേന്ദ്രത്തിനെതിരേ സ്റ്റാലിന്റെയും മകൻ ഉദയനിധി സ്റ്റാലിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രചാരണങ്ങൾ മികച്ച പ്രകടനം നടത്താൻ സഖ്യത്തെ സഹായിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts