ചെന്നൈ : നാം തമിഴർ കക്ഷി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ച് സംസ്ഥാന പാർട്ടി പദവി നേടിയതിന് അഭിനന്ദനമറിയിച്ച നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ.
ജനങ്ങളുടെ വിശ്വാസമാർജിച്ച നാം തമിഴർ കക്ഷി സംസ്ഥാനപദവി നേടിയെന്നും ഇതിൽ ആത്മാർഥമായി അഭിനന്ദനമറിയിച്ച വിജയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും സീമാൻ ‘എക്സി’ൽ കുറിച്ചു.
സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി ലോക്‌സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയിരുന്നു.
പുതിയപാർട്ടി തുടങ്ങി രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്, നാം തമിഴർ കക്ഷിയെയും സംസ്ഥാനപദവി നേടിയ ദളിത് പാർട്ടിയായ വി.സി.കെ.യെയും അഭിനന്ദിച്ചിരുന്നു.
ഡി.എം.കെ.യെ അഭിനന്ദിക്കാതെയാണ് വിജയ്, നാം തമിഴർ കക്ഷിയെയും വി.സി.കെ.യും പ്രകീർത്തിച്ചത്. പുതിയൊരു സഖ്യം ലക്ഷ്യമാക്കിയുള്ള വിജയ്‌യുടെ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.