ചെന്നൈ : കൊഴുപ്പു കൂടിയ പാലിന്റെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് 12 ജില്ലകളായി 2,000 എരുമക്കുട്ടികളെ ആവിൻ ദത്തെടുക്കുന്നു.
നാമക്കൽ, സേലം, ഈറോഡ്, തിരുപ്പൂർ, കരൂർ ജില്ലകൾ ഉൾപ്പെടെ 12 ജില്ലകളിലെ ക്ഷീരകർഷകരിൽനിന്നാണ് ദത്തെടുക്കുക. കർഷകരെ സഹായിക്കുന്നതിനുകൂടിയാണ് ആവിൻ മുന്നോട്ടുവന്നത്.
2007-ലെ കന്നുകാലികളുടെ സെൻസസ് പ്രകാരം സംസ്ഥാനത്തെ എരുമകളുടെ എണ്ണം 11.8 ലക്ഷമായിരുന്നു. 2019-ൽ ഇത് 5.19 ലക്ഷമായി കുറഞ്ഞു.
അതേസമയം ഗുജറാത്തിലും പഞ്ചാബിലും എരുമകളുടെ എണ്ണം വർധിച്ചുവരികയാണെന്ന് കണക്കുകൾ തെളിയിക്കുന്നതായി ആവിൻ മാനേജിങ് ഡയറക്ടർ എസ്. വിനീത് പറഞ്ഞു.
ആവിൻ ശേഖരിക്കുന്ന 30 ലക്ഷം ലിറ്റർ പാലിൽ എരുമപ്പാലിന്റെ അളവ് 10,000 ലിറ്റർ മാത്രമാണ്. 8.2 കോടി രൂപയാണ് ആദ്യഘട്ടത്തിൽ എരുമക്കുട്ടികൾക്ക് കാലിത്തീറ്റ നൽകാനാണ് സർക്കാർ അനുവദിച്ചിരിക്കുന്നതെന്ന് ആവിൻ മാനേജിങ് ഡയറക്ടർ പറഞ്ഞു.
ആനുകൂല്യം ലഭിക്കുന്ന എരുമക്കുട്ടികളുടെ ഭാരം ഒരോ ആറുമാസവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എരുമ വളർത്തുന്നവരെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും എസ്. വിനീത് പറഞ്ഞു.
പദ്ധതിപ്രകാരം ആറു മുതൽ 30 മാസം വരെയുള്ള എരുമക്കുട്ടികൾക്ക് വളരാൻ ആവശ്യമുള്ള പ്രോട്ടീനടങ്ങിയ കന്നുകാലിത്തീറ്റ നൽകും.
ആറു മുതൽ 12 മാസം പ്രായമുള്ളവയ്ക്ക് ഒരു കിലോ കന്നുകാലിത്തീറ്റയും 11 മുതൽ 25 മാസം വരെയുള്ളവയ്ക്ക് 1.5 കിലോ കന്നുകാലിത്തീറ്റയും 26 മാസം മുതൽ 32 മാസം വരെയുള്ളവയ്ക്ക് 1.75 കിലോ കന്നുകാലിത്തീറ്റയും സൗജന്യമായി നൽകും.
ആവിന്റെ കീഴിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ പാൽ നൽകുന്ന ക്ഷീരകർഷകരുടെ എരുമക്കുട്ടികൾക്കാണ് കാലിത്തീറ്റ നൽകുക.