Read Time:1 Minute, 25 Second
ചെന്നൈ : കഞ്ചാവ് സംഘത്തെ എതിർത്തതിനെത്തുടർന്ന് വീട്ടമ്മ തനിച്ചിരിക്കെ വീടിനുനേരെ മൂന്നംഗ സംഘം പെട്രോൾ കത്തിച്ച് കുപ്പിയെറിഞ്ഞു.
വീടിന്റെ ഒരുഭാഗത്ത് കുപ്പിവീണെങ്കിലും വീട്ടമ്മയ്ക്ക് പരിക്കേറ്റില്ല. ടി.പി.ചത്രം ഒൻപതാം സ്ട്രീറ്റിൽ താമസിക്കുന്ന അമുദയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
ഇവരുടെ വീടിന് സമീപം ഇരുന്ന് ഒരു കൂട്ടംയുവാക്കൾ കഞ്ചാവ് ഉപയോഗിച്ചശേഷം പതിവായി ബഹളം വെയ്ക്കാറുണ്ട്. ഇതിനെ അമുദ എതിർത്തിരുന്നു.
സംഭവത്തിൽ അമുദ ടി.പി. ചത്രം പോലീസിൽ പരാതി നൽകി. വീടിന് നേരെ ആക്രമണം നടത്തിയത് സന്തോഷ്(24), മനോജ് കുമാർ(20) ഉൾപ്പെടെ മൂന്ന് പേരാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
നേരത്തെ വീടിന് സമീപം വെച്ച് കഞ്ചാവ് ഉപയോഗിച്ചതിന് അമുദയുടെ സഹോദരിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തിരുന്നു.