ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30 കോടി രൂപ വിലവരുന്ന 3.3 കിലോ കൊക്കെയ്ൻ പിടിച്ചു. സംഭവത്തിൽ ഇൻഡൊനീഷ്യൻ സ്വദേശി മുഹമ്മദ് യാസിക(40)യെ അറസ്റ്റുചെയ്തു.
രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ബാങ്കോക്കിൽനിന്ന് തായ് എയർവേസ് വിമാനത്തിൽ എത്തിയ മുഹമ്മദ് യാസികയെ സംശയംതോന്നി ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടി നൽകി.
തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്ൻ പാക്കറ്റുകൾ രഹസ്യ അറകളിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്.
സാംപിൾ പരിശോധനയിൽ ഇത് ഉയർന്നവീര്യമുള്ള മയക്കുമരുന്നാണെന്നു കണ്ടെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിയറ്റ്നാമിൽനിന്ന് ഇയാൾ മയക്കുമരുന്ന് എത്തിച്ച് തായ്‌ലാൻഡിലും ഇന്ത്യയിലും വിതരണംചെയ്തുവരുകയായിരുന്നു.
തമിഴ്നാട്ടിലെ പ്രാദേശിക ഇടപാടുകാരിലൂടെ ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പല ഭാഗങ്ങളിലും കെക്കെയ്ൻ വിതരണം നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ലാവോസ്, തായ്‌ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ‘ഗോൾഡൻ ട്രയാംഗിൾ’ മേഖലയിൽനിന്ന് വിമാനത്തിലാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇതിൽ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ വലിയശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഡി.ആർ.ഐ. അധികൃതർ അറിയിച്ചു.
ആറുമാസത്തിനിടെ ചെന്നൈ വിമാനത്താവളത്തിൽനിന്ന് 100 കോടിയുടെ കൊക്കെയ്‌നാണ് പിടിച്ചെടുത്തിട്ടുള്ളത്.