ലോക്കോ പൈലറ്റുമാരുടെ സമരത്തെപിന്തുണച്ച് സംഘടനകൾ രംഗത്ത്

0 0
Read Time:4 Minute, 0 Second

ചെന്നൈ : ആഴ്ചയിൽ 46 മണിക്കൂർ വിശ്രമസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാർ ധർണ നടത്തി.

അടിയന്തരമായി റെയിൽവേമന്ത്രാലയം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ഒത്തുതീർക്കേണ്ട സമരമാണിതെന്നും നേതാക്കൾ പറഞ്ഞു. ഏറെക്കാലത്തിനുശേഷമാണ് റെയിൽവേയിൽ 15 ദിവസമായി സമരം തുടരുന്നത്. ദക്ഷിണറെയിൽവേയുടെ എല്ലാ ഡിവിഷൻ ആസ്ഥാനത്തും സമരം നടന്നുവരുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ഒരുദിവസത്തെ ജോലിസമയം 10 മണിക്കൂറാക്കണമെന്നും അത് കഴിഞ്ഞാൽ അടുത്ത ഡ്യൂട്ടി 16 മണിക്കൂറിന് ശേഷമായിരിക്കണമെന്നും ആവശ്യപ്പെട്ടു. വിശ്രമദിനം ഉൾപ്പെടെ 46 മണിക്കൂർ വിശ്രമസമയം നൽകണമെന്നിരിക്കെ, ഇപ്പോൾ വിശ്രമദിനം ഉൾപ്പെടെ 30 മണിക്കൂർ വിശ്രമസമയം മാത്രമേ നൽകുന്നുള്ളു. തത്ത്വത്തിൽ ആഴ്ചയിൽ നൽകേണ്ട ഒരു വിശ്രമദിനം ഇല്ലാതായിരിക്കയാണ്. എ.ഐ.ആർ.എസ്.എ. നേതാക്കൾ പറഞ്ഞു.

ലോക്കോ പൈലറ്റുമാർക്ക് ആഴ്ചയിൽ 46 മണിക്കൂർ വിശ്രമസമയം നൽകണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ റെയിൽവേമന്ത്രാലയത്തെയും റെയിൽവേ സോണൽ മാനേജർമാരെയും സമീപിച്ചിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ല.

ലോക്കോ പൈലറ്റുമാർക്ക് വിശ്രമസമയം നൽകുന്നില്ലെങ്കിൽ അവരുടെ ആരോഗ്യത്തെക്കൂടി ബാധിക്കും. തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകുമ്പോൾ അപകടങ്ങളുണ്ടാകുമ്പോൾ ജോലിയിൽനിന്ന് നീക്കംചെയ്യുന്നത് ലോക്കോ പൈലറ്റുമാരെ മാത്രമാണ്.

തീരുമാനം കൈകൊള്ളുന്ന മറ്റുള്ളവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നും ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എ.ഐ.ആർ.എസ്.എ.) ചൂണ്ടിക്കാണിച്ചു.

ലോക്കോ പൈലറ്റുമാർക്ക് വിശ്രമിക്കാതെ ജോലിചെയ്യുമ്പോൾ അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വംകൂടി റെയിൽവേയുടെ ഉത്തരവാദിത്വമാണ്.

പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നേതാക്കൾ ദക്ഷിണറെയിൽവേ ജനറൽമാനേജർക്ക് നിവേദനം നൽകി.

ലോക്കോ പൈലറ്റുമാർക്ക് നിയമപരമായി നൽകേണ്ട അവകാശത്തിനാണ് പോരാടുന്നത്. നിലവിലുള്ള അവകാശങ്ങൾ നിലനിർത്തണമെന്ന് മാത്രമാണ് അഭ്യർഥിക്കുന്നത്.

നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടു.

ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എ.ഐ.ആർ.എസ്.എ.)ന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡി.ആർ.ഇ.യു.), ദക്ഷിൺ റെയിൽവേ കാർമിക് സംഘ് (ഡി.ആർ.കെ.എസ്.), സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് (എസ്.ആർ.ഇ.എസ്.), യുണൈറ്റഡ് ലേബർ ഫ്രണ്ട് (യു.എൽ.എഫ്.), റിട്ട.ലോക്കോ പൈലറ്റുമാർ, റിട്ട. റെയിൽവേ എംപ്ലോയീസ് യൂണിയൻ തുടങ്ങിയ സംഘടനകൾ പിന്തുണയുമായെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts