ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയംനേരിട്ട സാഹചര്യത്തിൽ അണ്ണാ ഡി.എം.കെ.യിൽ ഐക്യത്തിന് ശ്രമവുമായി വി.കെ. ശശികല.
ഇതിനായി ഞായറാഴ്ച പോയസ് ഗാർഡനിലെ തന്റെ വസതിയിൽ ശശികല യോഗംവിളിച്ചു. തന്റെ അനുയായികളെയും പ്രവർത്തകരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ളവർക്ക് യോഗത്തിലേക്ക് പ്രവേശനം നൽകരുതെന്ന് പ്രത്യേക നിർദേശമുണ്ട്. എന്നാൽ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടി എടപ്പാടി പളനിസ്വാമി ഐക്യസാധ്യത തള്ളി രംഗത്തെത്തി.
പാർട്ടിയിൽനിന്ന് പുറത്താക്കിയ ശശികലയെയും ഒ. പനീർശെൽവത്തെയും ടി.ടി.വി. ദിനകരനെയും തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം കോയമ്പത്തൂരിൽ വ്യക്തമാക്കി.
പുറത്താക്കിയവരെ തിരികെക്കൊണ്ടുവന്നുള്ള ഐക്യം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.
ഞായറാഴ്ച നടക്കുന്ന യോഗത്തിൽ അണ്ണാ ഡി.എം.കെ.യിലെ ഐക്യം പുനഃസ്ഥാപിച്ച് പ്രതാപം വീണ്ടെടുക്കാനുള്ള വഴികൾ ആലോചിക്കും.
പരസ്പരമുള്ള തർക്കങ്ങളിൽ പോരടിക്കുന്ന വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള അടുത്തഘട്ട നടപടികളെക്കുറിച്ച് യോഗം ചർച്ചചെയ്യുമെന്ന് ശശികലയുമായി ബന്ധപ്പെട്ട പാർട്ടിനേതാക്കൾ വ്യക്തമാക്കി.
യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ഭൂരിഭാഗവും തഞ്ചാവൂരിൽനിന്നും സമീപജില്ലകളിൽനിന്നുമുള്ള പ്രവർത്തകരാണ്.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയായ ‘വേദനിലയ’ത്തിന് എതിർവശത്താണ് ശശികലയുടെ പുതിയ വസതി. ജയലളിതയുടെ ജന്മദിനമായ ജനുവരി 24-നായിരുന്നു ഗൃഹപ്രവേശം. ഇവിടെ നടക്കുന്ന ആദ്യ രാഷ്ട്രീയയോഗംകൂടിയാണിത്.
പാർട്ടിയുടെ താത്പര്യം കണക്കിലെടുത്ത് നിലവിലെ നേതൃത്വവുമായി ഇടപഴകാൻ തയ്യാറാണെന്ന് ഒ. പനീർശെൽവവും തുറന്നുപറഞ്ഞിട്ടുണ്ട്.
എന്നാൽ, പളനിസ്വാമി ശശികലയെയും പനീർശെൽവത്തെയും വിശ്വാസത്തിലെടുത്തിട്ടില്ല. പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി.യുടെ ഉപകരണങ്ങളാണ് അവരെന്ന് പളനിസ്വാമി വിഭാഗം കുറ്റപ്പെടുത്തുന്നു.