സംഗീത സംവിധാനം നിർവഹിച്ച 4,500-ഓളം ചലച്ചിത്രഗാനങ്ങളിൽ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് സംഗീതക്കമ്പനി ഹൈക്കോടതിയിൽ

0 0
Read Time:3 Minute, 20 Second

ചെന്നൈ : ആയിരത്തിതൊള്ളായിരത്തി എഴുപതുകൾ മുതൽ തൊണ്ണൂറുകൾവരെ സംഗീതസംവിധാനം നിർവഹിച്ച 4,500-ഓളം ചലച്ചിത്രഗാനങ്ങളിൽ സംഗീതജ്ഞൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് സംഗീത നിർമാണ കമ്പനിയായ എക്കോ റെക്കോഡിങ്‌സ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

എ.ആർ. റഹ്‌മാൻ ചെയ്യുന്നതുപോലെ ഇളയരാജ പകർപ്പവകാശം ഉറപ്പിക്കുന്നതിന് കരാറുകളിൽ ഒപ്പുവെച്ചിട്ടില്ലെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു.

താൻ സംഗീതസംവിധാനം നിർവഹിച്ച പാട്ടുകളുടെ പകർപ്പവകാശം തനിക്കാണെന്ന് സ്ഥാപിക്കുന്നതിനായി ഇളയരാജ നടത്തിവരുന്ന നിയമയുദ്ധത്തിന്റെ വാദത്തിനിടെയാണ് എക്കോ റെക്കോഡിങ്‌സ് എതിർവാദം ഉന്നയിച്ചത്.

1970-കൾ മുതൽ 1990-കൾവരെ പുറത്തിറങ്ങിയ 4,500 ഓളം പാട്ടുകളുടെ ധാർമികാവകാശം ഇളയരാജയ്ക്കാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019-ൽ വിധിച്ചിരുന്നു.

തന്റെ അനുമതിയില്ലാതെ പഴയപാട്ടുകൾ ഉപയോഗിച്ചതിന് മഞ്ഞുമ്മൽ ബോയ്‌സ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

2019-ലെ ഉത്തരവിനെതിരേ എക്കോ റെക്കോഡിങ്‌സ് നൽകിയ അപ്പീലിന്റെ വാദമാണ് ഇപ്പോൾ ഹൈക്കോടതിയിൽ നടക്കുന്നത്.

സിനിമയിലെ പാട്ടുകളുടെ അവകാശം സിനിമാനിർമാതാക്കൾക്കാണെന്ന് 1957-ലെ പകർപ്പവകാശ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് എക്കോയുടെ അഭിഭാഷകൻ വിജയ് നാരായൺ ചൂണ്ടിക്കാണിച്ചു.

അല്ലെങ്കിൽ, പകർപ്പവകാശം തനിക്കാണെന്ന് കാണിച്ച് സംഗീതസംവിധായകൻ പ്രത്യേക കരാറുണ്ടാക്കണം. എ.ആർ. റഹ്‌മാനെപ്പോലുള്ള സംഗീത സംവിധായകർ തുടക്കംമുതലേ ഇത്തരത്തിൽ കരാറുണ്ടാക്കുന്നുണ്ട്.

എന്നാൽ, 1990-കൾ വരെ ഇളയരാജ പകർപ്പവകാശം സ്വന്തമാക്കുന്നതിന് കരാറുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അവയുടെ പകർപ്പവകാശം പ്രതിഫലം നൽകിയ നിർമാതാക്കൾക്കാണ്.

കരാറില്ലാതിരുന്നിട്ടും പഴയ പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന സിംഗിൾ ബെഞ്ച് വിധി തെറ്റാണെന്ന് എക്കോ റെക്കോഡിങ്‌സ് വാദിച്ചു.

നിയമത്തിനുമുന്നിൽ എല്ലാവരും സമൻമാരാണെന്നും അതിപ്രശസ്തനാണെന്നുവെച്ച് ഒരാൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഇളയരാജയുടെ ഭാഗം കേൾക്കുന്നതിനായി കേസിൽ ജൂൺ 19-ന് വാദം തുടരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts