ഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ 18ാം ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി നിയമിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പ്രോ ടേം സ്പീക്കറെ നിയമിച്ചത്.
പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോ ടേം സ്പീക്കറെ സഹായിക്കാൻ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടിആർ ബാലു, രാധാമോഹൻ സിങ്, ഫഗൻസിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷ് എംപി പ്രോ ടേം സ്പീക്കറാകുമെന്നായിരുന്നു പ്രതീക്ഷ.
എട്ടാം തവണയാണ് കൊടിക്കുന്നിൽ പാർലമെന്റിലെത്തുന്നത്. സമാന രീതിയിൽ നിൽക്കുന്ന മറ്റൊരു എംപി ബിജെപിയുടെ വീരേന്ദ്ര കുമാറാണ്.
അദ്ദേഹം നിലവിൽ കേന്ദ്ര മന്ത്രിയാണ്. സ്വാഭാവികമായി കൊടിക്കുന്നിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഏഴാം തവണ എംപിയായ ഭര്‍തൃഹരിയെയാണ് നിയമിച്ചത്.
ഒഡിഷയിലെ പ്രധാന ബിജെപി നേതക്കാളിൽ ഒരാളായ ഭർതൃഹരി കട്ടക്കിൽ നിന്നുള്ള എംപിയാണ്. അതേസമയം ഭർതൃഹരിയെ നിയമിച്ചതിനെതിരെ കോൺഗ്രസ് രംഗത്തു വന്നു
ഈ മാസം 24 മുതലാണ് 18ാം ലോക്സഭയുടെ ആദ്യ സമ്മേളനം. പുതിയ എംപിമാർ പ്രോ ടേം സ്പീക്കർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയത് അധികാരമേൽക്കും.
സ്പീക്കർ തെരഞ്ഞെടുപ്പും പ്രോ ടേം സ്പീക്കറുടെ മേൽനോട്ടത്തിലായിരിക്കും.