ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി.
ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈയെ രൂക്ഷമായി വിമർശിച്ച പാർട്ടി ബൗദ്ധികവിഭാഗം നേതാവ് കല്യാണരാമനും മുൻഅധ്യക്ഷ തമിഴിസൈ സൗന്ദർരാജനെതിരേ രംഗത്തുവന്ന ഒ.ബി.സി. വിഭാഗം സംസ്ഥാനസെക്രട്ടറി തിരുച്ചി സൂര്യക്കും എതിരേയാണ് നടപടി.
കല്യാണരാമനെ പാർട്ടിയുടെ അംഗത്വത്തിൽനിന്ന് നീക്കിയപ്പോൾ സൂര്യയെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
ബി.ജെ.പി.യുടെ പരാജയത്തിനുകാരണം അണ്ണാമലൈയാണെന്നായിരുന്നു കല്യാണരാമന്റെ ആരോപണം.
അണ്ണാമലൈ നുണയനാണെന്നും അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ പേരിൽ അണ്ണാമലൈയെ വിമർശിച്ചതോടെയാണ് അദ്ദേഹവുമായി വളരെ അടുപ്പംപുലർത്തുന്ന തിരുച്ചി സൂര്യ തമിഴിസൈയെ വിമർശിച്ചത്.
കേന്ദ്രമന്ത്രിസ്ഥാനം മോഹിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ തമിഴിസൈ പരാജയപ്പെട്ടതോടെ അതിന്റെ കുറ്റം അണ്ണാമലൈയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന് സൂര്യ ആരോപിച്ചിരുന്നു.
അണ്ണാമലൈ-തമിഴിസൈ പോര് കടുത്തതോടെ ബി.ജെ.പി. ദേശീയനേതൃത്വം ഇടപെടുകയും തർക്കം പരിഹരിക്കുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇരുവരെയും വിമർശിച്ചവർക്കെതിരേ നടപടി സ്വീകരിച്ചത്.