കള്ളക്കുറിച്ചി മദ്യദുരന്തം: സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

0 0
Read Time:3 Minute, 5 Second

ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞവർഷമുണ്ടായ മദ്യദുരന്തങ്ങളിൽ സർക്കാർ കർശന നടപടിയെടുത്തിരുന്നെങ്കിൽ കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കള്ളക്കുറിച്ചിയിലെ ദുരന്തം എങ്ങനെയുണ്ടായെന്നും എന്തൊക്കെ നടപടിയെടുത്തെന്നും ബോധിപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

വിഷമദ്യദുരന്തത്തെപ്പറ്റി സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാവ് ഐ.എസ്. ഇമ്പദുരൈ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി. കൃഷ്ണകുമാറും ജസ്റ്റിസ് കെ. കുമരേഷ്ബാബുവുമടങ്ങുന്ന ബെഞ്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.

മുൻകാല ദുരന്തങ്ങളിൽനിന്ന് അധികൃതർ പാഠംപഠിച്ചിരുന്നെങ്കിൽ സമാനസംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനാവുമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞവർഷം രണ്ടിടത്തുണ്ടായ വിഷമദ്യദുരന്തങ്ങളിൽ 23 പേർ മരിച്ചിട്ടും സംസ്ഥാന സർക്കാർ വേണ്ടനടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നുവേണം മനസ്സിലാക്കാനെന്ന് കോടതി പറഞ്ഞു.

കള്ളക്കുറിച്ചിയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി വ്യാജമദ്യ വിൽപന നടക്കുന്നുവെന്ന് പ്രാദേശിക ദിനപത്രങ്ങളിൽ വാർത്തവന്നിരുന്നതായി കോടതി ചൂണ്ടിക്കാണിച്ചു.

ചില യൂട്യൂബ് ചാനലുകൾ മദ്യവിൽപനയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. വ്യാജമദ്യ വിൽപനയുടെകാര്യം കള്ളക്കുറിച്ചിയിലെ അണ്ണാ ഡി.എം.കെ. എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചിരുന്നെന്നും സർക്കാർ നടപടിയെടുത്തില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.

അണ്ണാ ഡി.എം.കെ.യുടെ ഭരണകാലത്ത് ഇതിലുംവലിയ ദുരന്തങ്ങളുണ്ടായിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ പി.എസ്. രാമൻ പറഞ്ഞു.

പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്നും മനുഷ്യജീവന്റെ പ്രശ്നമാണെന്നും കോടതി വ്യക്തമാക്കി.

സർക്കാർ എന്ത്‌ നടപടിയെടുത്തെന്നും പോലീസും ജില്ലാഭരണകൂടവും എന്തുകൊണ്ട്‌ പരാജയപ്പെട്ടെന്നും വ്യക്തമാക്കണം.

ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അഡ്വക്കറ്റ് ജനറലിന് നിർദേശംനൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts