ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യവിൽപ്പന നടക്കുന്നുണ്ടായിരുന്നുവെന്ന് നേരത്തേതന്നെ ഡി.എം.കെ. നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി.
ഡി.എം.കെ.യിലെ പ്രമുഖനേതാക്കളുടെ ഒത്താശയോടെയാണ് ഇവിടെ വിൽപ്പന നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷമദ്യദുരന്തത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ. കള്ളക്കുറിച്ചിയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പളനിസ്വാമി.
സംസ്ഥാനത്ത് വ്യാജമദ്യവും മറ്റു ലഹരിപദാർഥങ്ങളും വ്യാപകമായി വിൽക്കുന്നുണ്ട്. എന്നാൽ ഇതുതടയാൻ സർക്കാർ നടപടിയെടുക്കുന്നില്ല. ഇതിന്റെ ഫലമായിട്ടാണ് ഇത്രയേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമെന്നും പളനിസ്വാമി പറഞ്ഞു.
ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദവി ഒഴിയുകയാണ് വേണ്ടത്. സംഭവത്തിൽ നീതിപൂർവമായ അന്വേഷണംനടത്തണം.
തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള പോലീസിന് ഒരിക്കലും അതിന്സാധിക്കില്ല. അതിനാൽ സി.ബി.ഐ. അന്വേഷണം വേണമെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു.കള്ളക്കുറിച്ചി അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലാആസ്ഥാനങ്ങളിലും അണ്ണാ ഡി.എം.കെ. സമരംനടത്തി.
ചെന്നൈയിൽ നടത്തിയ സമരത്തിന് പാർട്ടി പ്രസീഡിയം ചെയർമാൻ തമിഴ്‌മകൻ ഹുസൈൻ, മുൻ മന്ത്രി ഡി. ജയകുമാർ തുടങ്ങിയവർ നേതൃത്വംനൽകി. സർക്കാർ എന്തിനാണ് സി.ബി.ഐ. അന്വേഷണത്തെ ഭയക്കുന്നതെന്ന് സമരത്തിന് ശേഷം പ്രതികരിച്ച ജയകുമാർ ചോദിച്ചു.
നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ ഡി.എം.കെ.യിലെ പ്രധാനനേതാക്കൾ പിടിയിലാകുമെന്ന് ഭയക്കുന്നുണ്ടെന്നും ജയകുമാർ പറഞ്ഞു.