ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സർക്കാരിന്റെ നടപടി ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാക്കൾ ഗവർണർ ആർ.എൻ. രവിയെ കണ്ടു.
തമിഴ്നാട്ടിൽ ഭരണഘടനാ സംവിധാനങ്ങൾ തകർന്നുവെന്നും ഈ വിഷയം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു.ഈ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം പളനിസ്വാമി ഗവർണർക്ക് നൽകി.
തമിഴ്നാട് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയാൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കില്ല. സർക്കാരിന്റെ കൈയിലെ കളിപ്പാവയായിട്ടാകും പോലീസ് പ്രവർത്തിക്കുകയെന്ന് പളനിസ്വാമി പറഞ്ഞു.
നീതിപൂർവമായ അന്വേഷണം നടത്താൻ സി.ബി.ഐ.ക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും ഗവർണറെ ധരിപ്പിച്ചു.
അണ്ണാ ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ നത്തം ആർ.വിശ്വനാഥൻ, കെ.പി. മുനുസാമി, മുൻമന്ത്രിമാരായ സി.വി.ഷൺമുഖം, ദിണ്ടിഗൽ ശ്രീനിവാസൻ, പി.തങ്കമണി, ആർ.ബി. ഉദയകുമാർ, എസ്.പി. വേലുമണി തുടങ്ങിയവർ പളനിസ്വാമിയ്ക്ക് ഒപ്പമുണ്ടായിരുന്നു.