Read Time:2 Minute, 31 Second
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്താകെ 23 സ്ഥലത്താണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലങ്ങളായി നടത്തിവന്ന ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്.
റോഡ് സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടും ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതുകൊണ്ടും ഒരു ജീവൻപോലും നമ്മുടെ നാട്ടിൽ നഷ്ടപ്പെടരുത്.
അതുകൊണ്ടാണ് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യക്ഷമത അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ പരിശീലന പദ്ധതി സഹായിക്കും.
മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളുകൾ തികച്ചും പ്രൊഫഷണൽ മാനദണ്ഡങ്ങളോടെ ഒരു പൊതുമേഖല സ്ഥാപനം പരിശീലന രംഗത്തേക്ക് കടക്കുന്നതിന്റെ മികച്ച മാതൃകയാണ്.