ചെന്നൈ : പ്ലസ് ടു പരീക്ഷ ജയിച്ചശേഷം ഉന്നതവിദ്യാഭ്യാസത്തിന് ചേരാതിരിക്കുകയായിരുന്ന 200 പേർ ഇനി കോളേജുകളിലെത്തും. ജില്ലാ ഭരണകൂടത്തിന്റെ ശ്രമഫലമായാണ് ഇവരെ വിവിധ കോളേജുകളിൽ പഠനത്തിനായി ചേർത്തത്.
പലകാരണങ്ങൾകൊണ്ട് പഠനം തുടരാതിരുന്ന വിദ്യാർഥികളെ കണ്ടെത്തി അവരെയും വിവിധ കോളേജുകളുടെ പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് കളക്ടർ ടി. ക്രിസ്തുരാജ് വിളിച്ചുചേർത്ത യോഗത്തിലാണ് 200 പേർ ഉന്നതവിദ്യാഭ്യാസത്തിനുള്ള അപേക്ഷകൾ നൽകിയത്. അവിടെവെച്ചുതന്നെ പ്രവേശനനടപടികളും പൂർത്തിയാക്കി. ആവശ്യമുള്ളവർക്ക് ധനസഹായവും നൽകി.
ജില്ലാഭരണകൂടം നടത്തിയ സർവേയിലാണ് പന്ത്രണ്ടാം ക്ലാസ് ജയിച്ച 23,500 പേരിൽ പലരും ഉന്നതവിദ്യാഭ്യാസത്തിന് ചേർന്നിട്ടില്ലെന്ന് കണ്ടെത്തിയത്.
സാമ്പത്തിക, കുടുംബപരമായ സാഹചര്യങ്ങൾകൊണ്ടാണ് തുടർപഠനത്തിന് ചേരാതിരുന്നത്. തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ നടപടിയെടുക്കുകയായിരുന്നു.