ചെന്നൈ : വ്യാജരേഖയുണ്ടാക്കി 100 കോടി രൂപ വിലമതിപ്പുള്ള ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ മുൻമന്ത്രി എം.ആർ. വിജയഭാസ്കറിന്റെ കൂട്ടാളികളുടെ കരൂരിലെ വീടുകളിൽ സി.ബി.സി.ഐ.ഡി. സംഘം പരിശോധനനടത്തി.
സബ് രജിസ്ട്രാർ മുഹമ്മദ് അബ്ദുൾ ഖാദർ കരൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്കറിന്റെ അടുത്തകൂട്ടാളികളായ മൂന്നുപേരുടെ വീടുകളിൽ വെള്ളിയാഴ്ച രാവിലെ 6.30-ഓടെ പരിശോധന തുടങ്ങിയത്.
കരൂർ ജില്ലാപോലീസും സി.ബി.സി.ഐ.ഡി. സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അനധികൃത ഭൂമിയിടപാടുകേസിൽ വിജയഭാസ്കറുൾപ്പെടെ ഏഴുപേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.
അണ്ണാ ഡി.എം.കെ. തോട്ടക്കുറിച്ചി പേരൂർ യൂണിറ്റ് സെക്രട്ടറി എസ്. സെൽവരാജിന്റെ വീട്ടിലെ പരിശോധന മൂന്നുമണിക്കൂറിലേറെ നീണ്ടു.
സി.ബി.സി.ഐ.ഡി. വിഭാഗത്തിന്റെ മറ്റുസംഘങ്ങൾ അണ്ണാ ഡി.എം.കെ. പ്രവർത്തകൻ കെ. ഈശ്വരമൂർത്തിയുടെ കൗണ്ടൻപുത്തൂരിലെ വസതിയിലും മണൽമേട് തലപ്പട്ടിയിലുള്ള യുവരാജ് എന്നയാളുടെ വീട്ടിലും പരിശോധനനടത്തി. വിജയഭാസ്കറിന്റെ പെട്രോൾ ബങ്കിലെ ജോലിക്കാരനാണ് യുവരാജ്.
ജൂണിൽ വിജയഭാസ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇടക്കാല മുൻകൂർ ജാമ്യവും പിന്നീട് കോടതി തള്ളി.
വിജയഭാസ്കർ ഇപ്പോൾ ഉത്തരേന്ത്യയിൽ ഒളിവിലാണെന്നാണ് സംശയിക്കുന്നത്. മുൻ അണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന വിജയഭാസ്കർ 22 ഏക്കറിലധികം വരുന്ന 100 കോടി വിലമതിപ്പുളള ഭൂമി കൈയേറിയെന്നുകാട്ടി കരൂരിലെ വ്യവസായി പ്രകാശാണ് പരാതിനൽകിയത്.
അന്വേഷണത്തിൽ വ്യാജരേഖ ചമച്ച് രജിസ്ട്രേഷൻ നടത്തിയതായും കണ്ടെത്തി. തുടർന്നാണ് കേസെടുത്തത്.