ചെന്നൈ : പ്രൈമറി വിദ്യാർഥികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പരിപാടി ഈ മാസംമുതൽ ഗ്രാമീണ മേഖലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. 15-ന് തിരുവള്ളൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും.
മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എന്നു പേരിട്ട പദ്ധതി തമിഴ്നാട്ടിൽ 2022 സെപ്റ്റംബർ മുതലാണ് തുടങ്ങിയത്. തുടക്കത്തിൽ 1,545 സ്കൂളുകളിലെ 1,14,095 കുട്ടികൾക്കാണ് ഭക്ഷണം നൽകിയത്.
കഴിഞ്ഞവർഷം അത് സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. സർക്കാർ സഹായധനത്തോടെ ഗ്രാമീണമേഖലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽക്കൂടി ഈ മാസം പദ്ധതി നിലവിൽവരും.
പ്രഭാതഭക്ഷണം നൽകുന്ന സ്കൂളുകളിൽ കുട്ടികളുടെ ഹാജർനിലയും പഠനനിലവാരവും ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പദ്ധതി കൂടുതൽ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസം നേടുന്നതിന് വിശപ്പ് തടസ്സമാകരുത് എന്നതുകൊണ്ടാണ് സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. വിശപ്പു മാറ്റുന്നതിനൊപ്പം കുട്ടികൾക്ക് മതിയായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഭക്ഷണം നൽകുന്നത്.
150-200 ഗ്രാം ഭക്ഷണവും 100 മില്ലി ലിറ്റർ സാമ്പാറും പച്ചക്കറിയുമാണ് ഒരു കുട്ടിക്ക് നൽകുന്നത്. വിഭവങ്ങൾ ഒരോ ദിവസവും മാറും. രാവിലെ എട്ടുമണി മുതൽ 8.50 വരെയാണ് പ്രഭാത ഭക്ഷണ സമയം.