ചെന്നൈ : പുതുക്കോട്ടയിലെ വേങ്കവാസലിൽ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള ടാങ്കിൽ മനുഷ്യമലം കലർത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ച് സി.ഐ.ഡി. മദ്രാസ് ഹൈക്കോടതിയോട് അഭ്യർഥിച്ചു.
അതിക്രമംനടന്ന് 18 മാസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതെന്താണെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആരാഞ്ഞപ്പോഴാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറലും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും ക്രൈം ബ്രാഞ്ചിനുവേണ്ടി ഈ അഭ്യർഥന നടത്തിയത്.
വേങ്കവാസലിലെ ദളിത് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കിൽ 2022 ഡിസംബർ മാസത്തിലാണ് മലം കലർത്തിയതായി കണ്ടെത്തിയത്.
സംഭവം വലിയപ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ കിട്ടാത്തതിനാൽ അന്വേഷണം സി.ബി.സി.ഐ.ഡി.ക്കുകൈമാറി.
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിന് ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് വി. സത്യനാരായാണനെ ഏകാംഗകമ്മിഷനായി നിയമിച്ചിട്ടുമുണ്ട്. ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷ. അത്രയുംസമയം അനുവദിക്കണമെന്ന് അവർ കോടതിയോട് അഭ്യർഥിച്ചു.
അന്വേഷണ ഏജൻസിയുടെ ആവശ്യം അംഗീകരിച്ച കോടതി ഹർജികളിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഇനിയും സമയം ആവശ്യപ്പെടരുതെന്ന് നിർദേശിക്കുകയുംചെയ്തു. ഏകാംഗകമ്മിഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.