ചെന്നൈ : വിജയിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.)ജനറൽ സെക്രട്ടറി ബുസി ആനന്ദ്.
തിരുക്കോവിലൂരിൽ ടി.വി.കെ. പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആനന്ദ്. 2026 തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും.
ഇതിൽ വൻ വിജയം നേടി പാർട്ടി നേതാവ് വിജയിയെ മുഖ്യമന്ത്രിയാക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം സജീവമാക്കണമെന്ന് ആനന്ദ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ കള്ളക്കുറിച്ചി വിഷമദ്യദുരന്തം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം വൈകുകയാണ്.
വൻ സമ്മേളനം നടത്തി രംഗത്തിറങ്ങാനാണ് വിജയ് ഒരുങ്ങുന്നത്. താലൂക്ക് തലത്തിൽ പാർട്ടി യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ സന്നദ്ധ പ്രവർത്തനത്തിൽ സജീവമാകാനാണ് പ്രവർത്തകർക്കുള്ള നിർദേശം.