ചെന്നൈ : മഴയിൽ കോച്ചുകൾ ചോർന്നൊലിച്ചതുമൂലം ചെന്നൈ-ഹൗറ മെയിലിലെ യാത്രക്കാർ വലഞ്ഞു.
കാൽനിലത്തുവെക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസം ചെന്നൈയിൽനിന്നു പുറപ്പെട്ട വണ്ടിയിലെ ബി.വൺ കോച്ചിലെ യാത്രക്കാർ.
കഴിഞ്ഞദിവസം മുംബൈ എൽ.ടി.ടി.-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ എസ്.-7 കോച്ചിലെ ചോർച്ചകാരണം ദുരിതമനുഭവിച്ചതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു.
അതിനു പിന്നാലെയാണ് ഹൗറ മെയിലിലെ ചോർച്ചയുടെ കാര്യം പുറത്തുവന്നത്.
രാത്രി ഏഴിന് ചെന്നൈയിൽനിന്നു പുറപ്പെട്ട വണ്ടി ആന്ധ്രയിലേക്കു കടന്നതോടെയാണ് കനത്തമഴ പെയ്തതും എ.സി. കോച്ചിൽ വെള്ളംവീഴാൻ തുടങ്ങിയതും.
ജനലുകൾക്കു താഴെയുള്ള വിടവിലൂടെയാണ് വെള്ളം ഉള്ളിലേക്കിറങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു. കുറച്ചുസമയംകൊണ്ട് തറ മുഴുവൻ വെള്ളമായി.
താഴെവെച്ച ബാഗുകൾ സീറ്റിലേക്കു മാറ്റേണ്ടിവന്നു. ജീവനക്കാർ നൽകിയ പ്ലാസ്റ്റിക് ബാഗ് കൊണ്ട് ചിലർ ലഗേജ് പൊതിഞ്ഞു.
ചോർച്ചയുണ്ടായിരുന്നെന്നും വൈകാതെ പ്രശ്നം പരിഹരിച്ചെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.