Read Time:1 Minute, 19 Second
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ സൂര്യ ശിവകുമാറിൻ്റെ ആരാധകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രക്തദാനം, പുസ്തകദാനം, വൃക്ഷത്തൈ നടൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
കഴിഞ്ഞ വർഷം തങ്ങളുടെ പ്രിയപ്പെട്ട നടൻ്റെ ജന്മദിനത്തിൽ രണ്ടായിരത്തിലധികം ആരാധകരാണ് രക്തം ദാനം ചെയ്തത്.
അടുത്ത വർഷം ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് സൂര്യ അന്ന് ഉറപ്പ് നൽകി. അതനുസരിച്ച് ഇപ്പോൾ താരം തൻ്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്.
ജൂലൈ 23 ന് (അടുത്ത ചൊവ്വാഴ്ച) ആണ് സൂര്യയുടെ 49-ാം ജന്മദിനം. അതിന് മുന്നോടിയായി ഇന്നലെ അദ്ദേഹം ആരാധകരുമായി രക്തം ദാനം ചെയ്തു.
തങ്ങളുടെ പ്രിയപ്പെട്ട നടൻ്റെ ജന്മദിനം അർത്ഥവത്തായ രീതിയിൽ ആഘോഷിക്കുന്നതിനായി 400 ലധികം ആരാധകർ ഈ രക്തദാനത്തിൽ പങ്കെടുത്തു. ഈ പദ്ധതി ഇനിയും തുടരുമെന്നും ആരാധകർ വ്യക്തമാക്കി.