ചെന്നൈ : സംസ്ഥാനത്തെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി.
രാമനാഥപുരം, വിരുദുനഗർ, തിരുനെൽവേലി മണ്ഡലങ്ങളിലെ രണ്ടാംസ്ഥാനക്കാരായ സ്ഥാനാർഥികളാണ് ഹർജി സമർപ്പിച്ചത്.
രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അണ്ണാ ഡി.എം.കെ. വിമതനേതാവ് പനീർശെൽവം, വിരുദുനഗറിലെ ഡി.എം.ഡി.കെ. സ്ഥാനാർഥി വിജയ് പ്രഭാകരൻ, തിരുനെൽവേലിയിലെ ബി.ജെ.പി. സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
രാമനാഥപുരത്ത് വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർഥി നവാസ് കനി നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ.പി.എസിന്റെ ഹർജി.
വോട്ടെണ്ണലിൽ ക്രമക്കേട് നടത്തിയെന്നാണ് മറ്റ് രണ്ടുപേരുടെയും ഹർജിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞിടയ്ക്ക് അന്തരിച്ച നടനും ഡി.എം.ഡി.കെ. സ്ഥാപകനുമായ വിജയകാന്തിന്റെ മകനായ വിജയ് പ്രഭാകരൻ 4000-ത്തിൽപ്പരം വോട്ടുകൾക്കാണ് വിരുദുനഗറിൽ കോൺഗ്രസിന്റെ മാണിക്യം ടാഗോറിനോട് പരാജയപ്പെട്ടത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ മുന്നിട്ടുനിന്ന തന്നെ പരാജയപ്പെടുത്താൻ പിന്നീട് ക്രമക്കേട് നടത്തിയെന്നാണ് വിജയ് പ്രഭാകരൻ ഹർജിയിൽ ആരോപിക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിലും ക്രമക്കേടാരോപിച്ചു.