ചെന്നൈ : തന്റെ ഉപമുഖ്യമന്ത്രിപദവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളി യുവജനക്ഷേമ-കായികവകുപ്പുമന്ത്രി ഉദയനിധി സ്റ്റാലിൻ.
നിലവിൽ ഡി.എം.കെ. യുവജനവിഭാഗത്തിന്റെ സെക്രട്ടറിസ്ഥാനം ഹൃദയത്തോട് ചേർത്തുനിർത്തുകയാണെന്നും ഉദയനിധി പറഞ്ഞു.
ശനിയാഴ്ചനടന്ന ഡി.എം.കെ. യുവജനവിഭാഗം 45-ാം സ്ഥാപകദിനാഘോഷത്തിൽത്തന്നെ ഉപമുഖ്യമന്ത്രിയാക്കാനുള്ള പ്രമേയം പാസാക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ ഗോസിപ്പുകളിലൂടെയും ഊഹാപോഹങ്ങളിലൂടെയും ഞാൻ ഉപമുഖ്യമന്ത്രിയാകുമെന്ന നിഗമനത്തിൽ നിങ്ങളെത്തി.
ഉപമുഖ്യമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയമുന്നേറ്റമുണ്ടായത് യുവജനവിഭാഗത്തിലൂടെയാണ്.
മറ്റെല്ലാവിഭാഗത്തെക്കാളും യുവജനവിഭാഗം എല്ലായ്‌പ്പോഴും മുൻനിരയിലാണ്. മറ്റുപദവികളിലേക്ക് ഉയർത്തപ്പെട്ടാലും യുവജനവിഭാഗം സെക്രട്ടറി പദവി ജീവിതത്തിൽ ഒരിക്കലും മറക്കില്ല’’- ഉദയനിധി പറഞ്ഞു.
2026 നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഇപ്പോൾത്തന്നെ പ്രവർത്തനം തുടങ്ങാനും അണികളോട് ഉദയനിധി ആഹ്വാനംചെയ്തു.
സ്റ്റാലിൻ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾക്ക് സ്ത്രീകൾക്കിടയിൽനിന്ന് വൻസ്വീകാര്യതയാണ് ലഭിച്ചത്.
ബി.ജെ.പി.യുടെ നുണപ്രചാരണങ്ങൾ നേരിടാൻ സാമൂഹികമാധ്യമങ്ങൾ കൈകാര്യംചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും ഉദയനിധി യുവജനസംഘടനാ നേതാക്കളോട് പറഞ്ഞു.
ഓഗസ്റ്റ് 22-നുമുൻപായി ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് അഭ്യൂഹമുണ്ടായത്.
നേരത്തേ എം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുപിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.
സ്റ്റാലിന്റെ പാതയിൽത്തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്.