ചെന്നൈ : കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് ഓമന്ദുരാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെഷൻസ് കോടതി തിങ്കളാഴ്ച അദ്ദേഹത്തിനെതിരേ കുറ്റംചുമത്താനിരിക്കെയാണിത്.
പുഴൽ സെൻട്രൽ ജയിലിലായിരുന്ന ബാലാജിക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണംകഴിച്ചതിനുശേഷം പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നെന്ന് ജയിൽവൃത്തങ്ങൾ പറഞ്ഞു. ഉടൻ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.
അവിടെനിന്ന് ഓമന്ദുരാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അറസ്റ്റിലായ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് നേരത്തേ ഇതേ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീടദ്ദേഹത്തിനെ കാവേരി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തു.
നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി സെന്തിൽ ബാലാജിനൽകിയ ഹർജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതേത്തുടർന്ന്, ബാലാജിക്കുമേൽ 22-ന് കുറ്റംചുമത്തി വിചാരണനടപടികൾ തുടങ്ങാനും തീരുമാനിച്ചു.
ബാലാജിയുടെ റിമാൻഡ് 22 വരെ നീട്ടിയിട്ടുമുണ്ട്. തിങ്കളാഴ്ച അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കാനും നിർദേശംനൽകിയിരുന്നു.
സെന്തിൽ ബാലാജി നൽകിയ ജാമ്യാപേക്ഷയിലുള്ള വാദം സുപ്രീംകോടതി തിങ്കളാഴ്ച തുടങ്ങിയേക്കും.