ചെന്നൈ: കടബാധ്യതയെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി കാമരാജർ കോളനിയിൽ താമസിക്കുന്ന കൃഷ്ണമൂർത്തിയുടെ ഭാര്യ കീർത്തികയാണ് (33) സ്കൂൾ വിദ്യാർഥികളായ ഗോകുൽനാഥ് (14), സായ് നന്ദിനി (11) എന്നിവരെ കൊന്നശേഷം തൂങ്ങി മരിച്ചത്.
മക്കൾക്ക് ഉറക്കഗുളികനൽകി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മാനച്ചല്ലൂരിലുള്ള അരിമില്ലിൽ ജോലിചെയ്യുന്ന കൃഷ്ണമൂർത്തി വീട്ടുചെലവിന് വരുമാനം തികയാതെ വന്നതിനാൽ ഒട്ടേറെ പ്പേരിൽനിന്ന് പണം കടംവാങ്ങിയിരുന്നു.
കീർത്തികയും പലരിൽനിന്നും സ്വയം സഹായ സഹകരണ സംഘത്തിൽനിന്നും വായ്പ എടുത്തു. എന്നാൽ ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ പലരും പ്രശ്നമുണ്ടാക്കി. ഇതിന്റെ പേരിൽ കൃഷ്ണമൂർത്തിയും കീർത്തികയും തമ്മിൽ വഴക്ക് പതിവായി.
കഴിഞ്ഞ ദിവസം രാത്രിയിലും ഇവർ തമ്മിൽ വാഗ്വാദമുണ്ടായി. അതിന് ശേഷം രാത്രി ജോലിക്കായി കൃഷ്ണമൂർത്തി അരിമില്ലിലേക്ക് പോയി.
പിന്നീട് രാവിലെ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം നിലത്താണ് കിടന്നിരുന്നത്.