ചെന്നൈ : ക്രിക്കറ്റ് താരം മേൽപ്പാലത്തിൽനിന്ന് ചാടി ജീവനൊടുക്കി. വിരുഗംപാക്കം കൃഷ്ണ നഗർ ആറാം മെയിൻ റോഡിലെ സാമുവൽ രാജ് (24) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്രിക്കറ്റ് പരിശീലനത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ സാമുവൽ രാജ് ഗിണ്ടി കത്തിപ്പാറ മേൽപ്പാലത്തിൽ വണ്ടിനിർത്തി താഴേക്കു ചാടുകയായിരുന്നു.
മേൽപ്പാലത്തിൽനിന്ന് ഒരാൾ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സാമുവൽ രാജിനെ ക്രോംപേട്ട് സർക്കാരാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
തമിഴ്നാട് പ്രീമിയർ ലീഗിൽ തിരഞ്ഞെടുക്കപ്പെടാത്തതിനാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമുവൽ രാജ് മാനസികവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പോലീസിനോടു പറഞ്ഞു.
അതിന്റെ നിരാശയിലാണ് ജിവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പോ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയച്ച മൊബൈൽ സന്ദേശങ്ങളോ ലഭിച്ചിട്ടില്ല.
എം.ബി.എ. ബിരുദധാരിയായ സാമുവൽ രാജ് കഴിഞ്ഞവർഷം തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഇലവൻ ടീമിന്റെ ഭാഗമായി ടൂർണമെന്റിൽ കളിച്ചിരുന്നു.
ബി.സി.സി.ഐ. സംഘടിപ്പിച്ച ദേശീയതല ടൂർണമെന്റിൽ സൗത്ത് സോൺ ടീമിനെ നയിച്ചത് സാമുവൽ രാജായിരുന്നു. സെയ്ന്റ് തോമസ് മൗണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.