ചെന്നൈ : അനധികൃത ചെമ്മണ്ണ് ഖനനക്കേസിൽ മന്ത്രി കെ. പൊൻമുടിയുടെ ബന്ധുക്കളുടെ 14.21 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.
കേസിൽ പ്രതിയായ പൊൻമുടിയുടെ മകൻ ഗൗതം സികാമണിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കോൺഫ്ളുവൻസ് എന്ന സ്ഥാപനത്തിന്റെ 8.74 കോടിയുടെ ബാങ്ക് നിക്ഷേപങ്ങളും ഇവരുടെ സഹോദരൻ കെ.എസ്. രാജ മഹേന്ദ്രന്റെയും ഇയാളുടെ സ്ഥാപനത്തിന്റെയും പേരിലുള്ള 5.47 കോടി രൂപയുടെ സ്ഥാവര സ്വത്തുകളുമാണ് കണ്ടുകെട്ടിയത്.
മുൻ ഡി.എം.കെ. സർക്കാരിൽ പൊൻമുടി ഖനനവകുപ്പ് മന്ത്രിയായിരുന്നപ്പോൾ അഴിമതി നടന്നുവെന്നാണ് കേസ്. 2007-10 കാലത്ത് ചെമ്മൺ ഖനനത്തിന് ലൈസൻസ് നേടിയ ഗൗതം സികാമണിയുടെ മറ്റ് പ്രതികളും അനുവദിച്ചതിലും കൂടുതൽ ഖനനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
ഇതുമൂലം 25.7 കോടി രൂപ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 81.42 ലക്ഷം രൂപയും 13 ലക്ഷം രൂപ വിലമതിയ്ക്കുന്ന ബ്രിട്ടീഷ് പൗണ്ടും പിടിച്ചെടുക്കുകയും 41.9 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരുന്നു.