ചെന്നൈ : അനധികൃത പണകൈമാറ്റക്കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാനിർമാതാവ് രവീന്ദർ ചന്ദ്രശേഖരന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) പരിശോധന.
ചെന്നൈ അശോക് നഗറിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഇതിൽ പണം കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം.
മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടിന് ഇ.ഡി. കേസെടുത്തത്.
പദ്ധതിയുടെ പേരിൽ 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ബിസിനസ് പങ്കാളിയായ ബാലാജിയാണ് രവീന്ദറിനെതിരേ പരാതി നൽകിയത്. തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിൽ പിന്നീട് ജാമ്യംനേടിയ രവീന്ദറിനെതിരേ ഇപ്പോൾ ഇ.ഡി.യും കേസെടുത്തു. ലിബ്ര പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ നിർമാണകമ്പനി നടത്തുന്ന രവീന്ദർ സുട്ട കഥൈ, നളനും നന്ദിനിയും, മുരിങ്കയ്ക്ക ചിപ്സ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.