ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ ബോട്ടിലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഉടൻ എത്തിക്കാനും പരിക്കേറ്റവരെ തമിഴ്നാട്ടിലെത്തിക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് കത്തയച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള 4 മത്സ്യത്തൊഴിലാളികൾ രാമേശ്വരത്ത് നിന്ന് പവർ ബോട്ടിൽ നെടുണ്ടിവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേനയുടെ പട്രോളിംഗ് ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു.
മലൈച്ചാമി (59) എന്ന മത്സ്യത്തൊഴിലാളി കടലിൽ മുങ്ങിമരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മലൈച്ചാമിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു.