ചെന്നൈ : നഗരത്തിൽ ഭിന്നശേഷിക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ 88 ലോഫ്ളോർ ബസുകൾ പുറത്തിറക്കി. നഗരത്തിൽനടന്ന ചടങ്ങിൽ യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
ഗതാഗതമന്ത്രി ശിവശങ്കർ, ദേവസ്വം മന്ത്രി, പി.കെ. ശേഖർ ബാബു, ദയാനിധി മാരൻ എം.പി. തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി ഉദയനിധി സ്റ്റാലിനും ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരും ബസിൽ സഞ്ചരിച്ചു.
ബസുകൾ ബ്രോഡ്‌വേ ബസ്‌സ്റ്റാൻഡിൽനിന്ന് കിളാമ്പാക്കം, ആവഡി, പൂനമല്ലി, തിരുപ്പോരൂർ, തിരുവെട്ടിയൂർ, തിരുവേർക്കാട്, ടി. നഗർ, മഹാലിംഗപുരം, തിരുവാണ്മിയൂർ, താംബരം, ഗുഡുവാഞ്ചേരി, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.
ഭിന്നശേഷിക്കാർക്ക് ബസുകളിലേക്ക് എളുപ്പം കയറാനായി താഴ്ന്നരീതിലാണ് ബസിന്റെ ചവിട്ടു പടികൾ രൂപകല്പന ചെയ്തത്. സ്വയം പ്രവർത്തിത വാതിലുകൾ സി.സി.ടി.വി.കൾ എന്നിവ ബസുകളിലുണ്ടാകും.
ബസുകളിൽ 70 പേർക്ക് യാത്ര ചെയ്യാനാകും. 90 ലക്ഷം രൂപയാണ് ബസിന്റെ ചെലവ്.
ചെന്നൈ നഗരത്തിൽ റോഡുകളിൽ വളവുകളും വീതികുറഞ്ഞ റോഡുകളും സബ്‌വേകളും കൂടുതലായതുകൊണ്ടാണ് കൂടുതൽ ലോഫ്ലോർ ബസുകൾ റോഡിലിറക്കാതിരുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.
എങ്കിലും 350 ഭിന്നശേഷി സൗഹൃദ ബസുകൾ കൂടി റോഡിലിറക്കാൻ പദ്ധതിയുണ്ടെന്നും അതിനായുള്ള റൂട്ടുകൾ കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.