ചെന്നൈ : ഭിന്നശേഷിക്കാരായ 1008 കുട്ടികൾക്ക് പ്രത്യേക തീവണ്ടിയിൽ തിരുപ്പതി ദർശനം. റോട്ടറി ഡിസ്ട്രിക്ട് 3233- ഉം റോട്ടറി ക്ലബ് ഓഫ് ചെന്നൈ നോബിൾ ഹാർട്‌സും ചേർന്നാണ് 65 ലക്ഷത്തോളം രൂപ ചെലവിൽ യാത്ര ഒരുക്കിയത്.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 6.30-നാണ് കുട്ടികളെയും വഹിച്ച് പ്രത്യേക തീവണ്ടിയാത്ര പുറപ്പെട്ടത്.
മുഖ്യാതിഥിയായെത്തിയ തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു വണ്ടിക്ക് പച്ചക്കൊടി കാണിച്ചു.
റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ അനിരുദ്ധ റോയ് ചൗധരിയും ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ ഡി.ആർ.എം. ബി. വിശ്വനാഥും വിശിഷ്ടാതിഥികളായി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ചിൽഡ്രൻസ് ഹോമുകളിൽനിന്നുള്ള കുട്ടികളെയാണ് യാത്രയ്ക്കു തിരഞ്ഞെടുത്തത്.
കുട്ടികൾക്കു പുറമേ സഹായികളായി 500 പേർ വേറെയും. തിരുപ്പതിക്കടുത്ത് റെനിഗുണ്ടയിൽ വണ്ടിയിറങ്ങിയ ഇവരെ 38 പ്രത്യേക ബസുകളിലായി തിരുപ്പതിയിലെത്തിച്ചു.
രണ്ട് ആംബുലൻസുകളിലായി ഡോക്ടർമാരുടെ സംഘം അനുഗമിച്ചു.
ഉച്ചയ്ക്ക് 12.30-ന് പ്രത്യേക ദർശനത്തിനുശേഷം അതേ ബസുകളിലും തീവണ്ടിയിലുമായി അവരെ തിരികെയെത്തിച്ചു.
പരിപാടിയുടെ മുഴുവൻ ചെലവും വഹിച്ചത് റോട്ടറി അംഗങ്ങളാണ്.