ബാങ്കുതട്ടിപ്പു കേസ് പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

0 0
Read Time:3 Minute, 0 Second

ചെന്നൈ : ബാങ്കിൽനിന്നു പണംതട്ടി മുങ്ങി, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞയാളെ 20 വർഷത്തിനുശേഷം സി.ബി.ഐ. അറസ്റ്റുചെയ്തു.

സ്‌കൂൾ ജീവനക്കാരനായും ആൾദൈവമായും കഴിഞ്ഞയാളെ ശ്രീലങ്കയിലേക്കു കടക്കാൻ പദ്ധതിയിടുന്നതിനിടെ തമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്.

ഹൈദരാബാദിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലിനോക്കുന്നതിനിടെ 2002 മേയിലാണ് വി. ചലപതി റാവു കേസിൽക്കുടുങ്ങിയത്.

വ്യാജരേഖകളുണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2004-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചതോടെ ഇയാൾ ഒളിവിൽപ്പോയി.

ഭർത്താവ് മരിച്ചുപോയതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേസിൽ കൂട്ടുപ്രതിയായ ഭാര്യ ഏഴുവർഷം കഴിഞ്ഞ് കോടതിയെ സമീപിച്ചു.

ഹൈദരാബാദിലെ സിവിൽ കോടതി ചലപതി റാവു മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, സി.ബി.ഐ. അന്വേഷണം തുടർന്നു.

ഹൈദരാബാദിൽനിന്ന് തമിഴ്‌നാട്ടിലെ സേലത്തെത്തിയ ചലപതി റാവു എം. വിനീത് കുമാർ എന്നപേരിലാണ് കഴിഞ്ഞത്. 2007-ൽ വേറെ വിവാഹം കഴിച്ചു.

പിന്തുടർന്നെത്തിയ സി.ബി.ഐ. സംഘം പിടികൂടുംമുമ്പ് ഇയാൾ ഭോപാലിലേക്ക് കടന്ന് വായ്പ തിരിച്ചുപിടിക്കുന്ന ഏജന്റായി ജോലിചെയ്തു.

അവിടെനിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപുരിലെത്തി സ്‌കൂളിൽ ജോലിനോക്കി. സി.ബി.ഐ. അന്വേഷിച്ചെത്തുംമുമ്പ് 2016-ൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തി.

ഔറംഗാബാദിൽ സ്വയംപ്രഖ്യാപിത ആൾദൈവമായിട്ടായിരുന്നു ജീവിതം. വിധിതാത്മാനന്ദ തീർഥ എന്നായിരുന്നു പേര്. ആശ്രമത്തിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത് 2021-ൽ രാജസ്ഥാനിലെ ഭരത്പുരിലേക്കു കടന്നു.

അവിടെനിന്ന് ഈ വർഷം ജൂലായ് എട്ടിന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെത്തി. ആശ്രമത്തിലെ അന്തേവാസിക്കൊപ്പം അവിടെ കഴിഞ്ഞു.

കടൽവഴി ശ്രീലങ്കയിലേക്കു കടക്കാൻ പദ്ധതിയിടുന്നതിനിടെ നർസിങ്ങനല്ലൂരിൽവെച്ച് ഞായറാഴ്ചയാണ് സി.ബി.ഐ. സംഘം ചലപതി റാവുവിനെ അറസ്റ്റുചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts