Read Time:1 Minute, 4 Second
ചെന്നൈ : ഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് കരാർത്തൊഴിലാളി മരിച്ചു. ആവഡി കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട സരസ്വതി നഗർ കുറിഞ്ചി സ്ട്രീറ്റിലെ ഓട വൃത്തിയാക്കുന്നതിടെ ഗോപിനാഥ് (25) എന്ന തൊഴിലാളിയാണ് മരിച്ചത്.
ഗോപിനാഥ് ആവഡി അരുന്ധതിപുരം സ്വദേശിയാണ്. ഗോപിനാഥുൾപ്പെടെ നാലുപേർചേർന്നാണ് ഓട വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഗോപിനാഥ് തളർന്നുവീണത്.
കോർപ്പറേഷൻ അധികൃതരെത്തി ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് ഗവ. ആശുപത്രിയിലേക്കുമാറ്റി. ആവഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.