ചെന്നൈ : അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ മുൻ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് അധികൃതർ 647 വന്യജീവികളെ കണ്ടെടുത്തു.
വന്യജീവികളെ കോടികൾക്ക് വിദേശരാജ്യങ്ങളിലേക്ക് കടത്തിയ കേസിൽ അറസ്റ്റിലായ മുൻ പോലീസ് കോൺസ്റ്റബിൾ എസ്. രവികുമാർ (41) കൊളത്തൂരിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തിയത്.
കുരങ്ങുകൾ, പെരുമ്പാമ്പുകൾ, നക്ഷത്ര ആമകൾ, കടലാമകൾ ഉൾപ്പെടെ കണ്ടെത്തിയവയിലുണ്ട്. ആമകൾ പലതും ചത്ത നിലയിലായിരുന്നു.
അലങ്കാര മത്സ്യക്കൃഷിക്കാണെന്ന വ്യാജേനയാണ് രവികുമാർ കൊളത്തൂർ ലക്ഷ്മിപുരത്ത് അഭിഭാഷകൻ പത്മനാഭൻ എന്നയാളിൽ നിന്ന് 17,000 രൂപ മാസവാടകയ്ക്ക് വീടെടുത്തത്.
പുറത്തുനിന്ന് ആരെയും കയറ്റിയിരുന്നില്ല. മിക്കസമയത്തും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. രവികുമാറും ഭാര്യയും മൂന്ന് ജോലിക്കാരും മാത്രമാണ് വല്ലപ്പോഴും വന്നത്.
വന്യജീവികളെ സൂക്ഷിക്കാനും കടത്താനുമുള്ള ഇടത്താവളമായാണ് വീട് ഉപയോഗപ്പെടുത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
സമീപ വീടുകളിലെ നായകൾ രാത്രിയിൽ കുരയ്ക്കാറുണ്ടായിരുന്നെന്നും എന്നിട്ടും സംശയം തോന്നിയിരുന്നില്ലെന്നും റെയ്ഡു നടത്തിയപ്പോൾ മാത്രമാണ് സംഭവമറിയുന്നതെന്നും സമീപവാസികൾ അന്വേഷണോദ്യോഗസ്ഥർക്കു മൊഴി നൽകി.
ഓൺലൈൻ മുഖേനയാണ് വന്യമൃഗങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്തിയത്. മലേഷ്യയിലേക്കും തായ്‌ലാൻഡിലേക്കും ഉൾപ്പെടെ രവികുമാർ വന്യമൃഗങ്ങളെ കടത്തിയതായി കണ്ടെത്തി.
കോടതി ഉത്തരവിനെത്തുടർന്ന് പിടിച്ചെടുത്ത വന്യജീവികളെ വണ്ടല്ലൂർ മൃഗശാലയിലേക്കു മാറ്റി. കഴിഞ്ഞമേയിലാണ് രവികുമാർ അറസ്റ്റിലായത്.