ചെന്നൈ : നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താവതാരകയുമായ സുജാതാ ചന്ദ്രൻ (56) ചെന്നൈ അയപ്പാക്കം എം.ജി.ആർ. പുരം ബി.ബി.സി.എൽ. അപ്പാർട്ട്‌മെന്റിൽ അന്തരിച്ചു. ഹൃദയാഘാതംമൂലം ഞായറാഴ്ചയായിരുന്നു അന്ത്യം.
തിരുവനന്തപുരം പട്ടം ശാരദാവിലാസം കുടുംബാംഗമാണ്. മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയ സുജാത ദൂരദർശനിൽ വാർത്താവതാരകയ്ക്കൊപ്പം ബി ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു.
പ്രമുഖ സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസന്റെ ഗായകസംഘത്തിൽ ഏറെക്കാലം അംഗമായി. ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത ‘സ്വാതിതിരുനാൾ’, ‘പുരാവൃത്തം’ എന്നീ സിനിമകളിൽ അഭിനയിച്ചു. സ്വാതിതിരുനാളിലെ ‘ചലിയേ കുഞ്ജനമോ…’ എന്ന ഗാനരംഗത്തിലൂടെ അഭിനയത്തിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമയിൽ അധികകാലം തുടർന്നില്ല.
ചെന്നൈയിലെ സ്‌കാർഫ് എന്ന എൻ.ജി.ഒ.യിൽ സന്നദ്ധപ്രവർത്തകയായിരുന്നു. സുരേഷ് ചന്ദ്രൻ, കമല എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സുധീർ ചന്ദ്രൻ (ക്യാപ്റ്റൻ, ഖത്തർ എയർവേസ്).