Read Time:1 Minute, 24 Second
ചെന്നൈ : ബിക്കാനിർ-മധുര എക്സ്പ്രസിൽനിന്ന് പിടിച്ചെടുത്ത 1700 കിലോ പഴകിയ ആട്ടിറച്ചിയിൽ 1000 കിലോ കാണാനില്ലെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ.
ആർ.പി.എഫിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പാണ് പഴകിയ ഇറച്ചി തിങ്കളാഴ്ച എഗ്മോറിൽവെച്ച് പിടിച്ചെടുത്തത്. ഇറച്ചിയുടെ സാംപിളുകൾ ലാബിലേക്ക് അയച്ചശേഷം അവ നശിപ്പിക്കാനായി ചെന്നൈ കോർപ്പറേഷന് കൈമാറിയതായിരുന്നു. എന്നാൽ, അവ നശിപ്പിക്കാതെ ഇത്രയും ദിവസം സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് കോർപ്പറേഷൻ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
ജയ്പുരിൽനിന്ന് തീവണ്ടിയുടെ ലഗേജ് വാനിൽ കയറ്റിക്കൊണ്ടുവന്ന ഇറച്ചിക്ക് അഞ്ചുദിവസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പിടിച്ചെടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിടിച്ചെടുത്തശേഷം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് മോഷണംനടന്നതായി അറിയിച്ചത്.