Read Time:1 Minute, 30 Second
ചെന്നൈ : നിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ സ്വകാര്യാശുപത്രി പൂട്ടി. പെരമ്പൂരിനടുത്ത പുളിയന്തോപ്പ് ഹൈറോഡിലുള്ള പ്രൈഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടി.
ആശുപത്രിയധികൃതർ ദാതാവിന് പണം നൽകി വൃക്ക വാങ്ങി മറ്റൊരാളിൽ മാറ്റിവെക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. നാമക്കൽ ജില്ലയിലെ പള്ളിപ്പാളയം സ്വദേശിയായ ദാതാവ് ചെന്നൈ സൗക്കാർപേട്ടിലെ വ്യവസായിക്ക് വൃക്ക ദാനം ചെയ്തതിൽ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി.
തമിഴ്നാട്ടിലെ ട്രാൻസ്‌പ്ലാന്റ് സമിതിയുടെ അനുമതി വാങ്ങാതെയും ആവശ്യമായ രേഖകളില്ലാതെയുമാണ് ആശുപത്രി പ്രവർത്തിച്ചത്.
അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ഉൾപ്പെടെയുള്ള ആശുപത്രിയുടെ എല്ലാ ലൈസൻസുകളും റദ്ദാക്കി. അവിടെ ചികിത്സയിലായിരുന്ന രോഗികളെയെല്ലാം മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.