ചെന്നൈ : ഓൺലൈനിൽ ഓർഡർ ചെയ്ത ഫോണിനുപകരം തുടർച്ചയായി രണ്ടുതവണ തെറ്റായ ഫോൺ നൽകിയതിന് ആമസോണിന് ഉപഭോക്തൃകോടതി 1.3 ലക്ഷം രൂപ പിഴവിധിച്ചു. മേടവാക്കം സ്വദേശി ആർ. സുന്ദരരാജനാണ് കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽനിന്ന് അനുകൂലവിധി നേടിയത്.
ആമസോണിൽനിന്ന് സുന്ദരരാജൻ 2022-ൽ സാംസങ് ഗാലക്സി എസ്. 22 അൾട്രാ 5ജി ഫോൺ വാങ്ങിയിരുന്നു. 99,999 രൂപയായിരുന്നു വില. എന്നാൽ കിട്ടിയത് മറ്റൊരുഫോണാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുന്ദരരാജൻ പുതിയഫോണിന് അപേക്ഷനൽകി. പക്ഷേ, അപ്പോളും കിട്ടിയത് മറ്റൊരു ഫോൺ ആയിരുന്നു. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് സുന്ദരരാജൻ ആമസോണിന് പരാതിനൽകി. അബദ്ധംപറ്റിയതാണെന്നും രണ്ടുഫോണും തിരിച്ചേൽപ്പിച്ചാൽ പണം തിരിച്ചുനൽകാമെന്നും കമ്പനി മറുപടിനൽകി. ഫോണുകൾ തിരിച്ചുകൊടുത്തെങ്കിലും പണം കിട്ടിയില്ല. പ്രശ്നം പരിഹരിച്ചുവെന്ന മറുപടിയാണ് വന്നത്.
ഇതേത്തുടർന്നാണ് ഉപഭോക്തൃകമ്മിഷനെ സമീപിച്ചത്. സുന്ദരരാജന് ഫോണിന്റെ വിലയായ 99,999 രൂപനൽകാൻ കമ്മിഷൻ ഉത്തരവിട്ടു.