ചെന്നൈ: തമിഴ്നാട്ടിൽ രണ്ടിടങ്ങളിലെ പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായാറാഴ്ച രാവിലെ ദിണ്ടിഗലിലെ നത്തം അവിച്ചിപ്പട്ടിയിലെയും മയിലാടുതുറൈ തിരുവാവട്ടുതുറയിലുമുള്ള പടക്കശാലകളിലാണ് അപകടമുണ്ടായത്. ദിണ്ടിഗലിലെ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു പേർക്കാണ് പരിക്കേറ്റത്. പടക്കശാല ഉടമ സെൽവത്തിനായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നത്തം പോലീസ് കേസെടുത്തു.
മയിലാടുതുറൈയിലെ അപകടത്തിൽ സമീപ ഗ്രാമത്തിലെ കർണൻ (27), കാളിപെരുമാൾ (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ലക്ഷ്മണൻ, കുമാർ എന്നിവരെ മയിലാടുതുറൈ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ കളക്ടർ എ.പി. മഹാഭാരതി, പോലീസ് സൂപ്രണ്ട് കെ. സ്റ്റാലിൻ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. മയിലാടുതുറൈ പോലീസ് കേസെടുത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഹായധനം പ്രഖ്യാപിച്ചു