ചെന്നൈ : എം.എൽ.എ. പദവിവരെ ഉപേക്ഷിച്ച് ബി.ജെ.പി.യിൽ ചേർന്ന തനിക്ക് ആറുമാസമായിട്ടും പദവിനൽകുന്നില്ലെന്ന പരാതിയുമായി വനിതാനേതാവ്. കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധാരണിയാണ് പാർട്ടിനടത്തിയ പൊതുസമ്മേളനത്തിന്റെ വേദിയിൽ പരാതി പറഞ്ഞത്.
പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കാൻ പദവി വേണം. എന്നാൽ ഇതുവരെയും ഒരുസ്ഥാനവും ലഭിച്ചിട്ടില്ല. തക്കതായ അംഗീകാരം ലഭിക്കുമെന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും വിജയധാരണി കൂട്ടിച്ചർത്തു.
കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായിരുന്ന വിജയധാരണി ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നത്. ബി.ജെ.പി.യിൽ ചേർന്നതോടെ എം.എൽ.എ. സ്ഥാനം രാജിവെച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല. മറ്റ് പദവികളും ലഭിച്ചില്ല. ഇതോടെയാണ് തമിഴ്നാട് സംഘടനാ ചുമതലയുള്ള ബി.ജെ.പി. ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ അടക്കമുള്ള പ്രധാന നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ അതൃപ്തി അറിയിച്ചത്.